ടൂറിസം രംഗത്തെ മലബാറിന്റെ ചുവട് വയ്പ്.

  • 2019-02-10 23:44:34

സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ  കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുള്ള വിപുലവും നൂതനവുമായ ടൂറിസം സംരംഭമാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ്.ഉത്തരമലബാറിലെ വിനോദസഞ്ചാരവികസനത്തില്‍ പുതിയ കുതിപ്പുമായെത്തുന്ന പദ്ധതിയാണിത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകള്‍ നേരിട്ടു പ്രയോജനപ്പെടുത്തുകഎന്ന ലക്‌ഷ്യം വച്ച് കീഴല്ലൂരിലേക്കു കൂടി ഈ പദ്ധതി നീട്ടാൻ ഉദ്ദേശിക്കുന്നുണ്ട്.  ഇതോടെ വിമാനത്താവളത്തിലിറങ്ങുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ജലമാര്‍ഗം തലശേരിയിലെത്താനാകും.
 
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ 17 ടെര്‍മിനലുകളും ജട്ടികളും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. പഴയങ്ങാടിയിലെ ടെര്‍മിനല്‍ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. പറശ്ശിനിക്കടവില്‍ പൈലിങ് പൂര്‍ത്തിയാക്കി. എട്ടെണ്ണത്തിന്റെ പ്രവൃത്തി കരാറുകാരെ ഏല്‍പ്പിച്ചു. ബാക്കി ടെന്‍ഡര്‍ അന്തിമഘട്ടത്തില്‍. 56. 07 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അനുവദിച്ചത്. കുപ്പംമുതല്‍ കാട്ടാമ്പള്ളി കടവുവരെയുള്ള കണ്ടല്‍ ക്രൂയിസ്, പഴയങ്ങാടിമുതല്‍ വളപട്ടണംവരെയുള്ള തെയ്യം ക്രൂയിസ്, വളപട്ടണംമുതല്‍ മലപ്പട്ടം മുനമ്പു കടവുവരെയുള്ള മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യൂസിന്‍ ക്രൂയിസ് എന്നിവയാണ് കേന്ദ്ര സഹായമുപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍. കുപ്പം, പട്ടുവം– മംഗലശേരി, ചെറുകുന്ന്, കാട്ടാമ്പള്ളി കടവ്, മുതുകുട, വളപട്ടണം, വാടിക്കല്‍, മാട്ടൂല്‍ നോര്‍ത്ത്, മാട്ടൂല്‍ സൗത്ത്, മടക്കര, അഴീക്കല്‍ ഫെറി, അഴീക്കല്‍ ബോട്ടുപാലം, പാപ്പിനിശേരി, പാപ്പിനിശേരി പാറക്കല്‍, നാറാത്ത്, ഭഗത് സിങ്, പാമ്പുരുത്തി, സി എച്ച്, കൊളച്ചേരി, എ കെ ജി ദ്വീപുകള്‍, മലപ്പട്ടം മുനമ്പുകടവ് എന്നിവിടങ്ങളില്‍ ബോട്ട് ടെര്‍മിനലുകളോ ജെട്ടികളോ നിര്‍മിക്കും.
 
വള്ളംകളി ഗ്യാലറികള്‍, കരകൗശല നിര്‍മാണ ശാലകള്‍, തെയ്യം അവതരണ വേദികള്‍, ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍, വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന മാര്‍ക്കറ്റുകള്‍, റസ്‌റ്റോറന്റുകള്‍, ഏറുമാടങ്ങള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, ബയോടോയ്ലറ്റുകള്‍, ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ് യാര്‍ഡുകള്‍ എന്നിങ്ങനെ വിപുലമായ അനുബന്ധ സൗകര്യങ്ങളും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. രണ്ടുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും.