സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കര്‍ലാട്...

  • 2019-02-10 23:45:43

 
 
അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഏഴു ഏക്കറില്‍ നില കൊള്ളുന്ന കര്‍ലാട് തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണിത് .  കര്‍ലാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ്ങാണ്. രണ്ടു പേര്‍ക്ക് സ്വയം ചവിട്ടി പോകാവുന്ന പെഡല്‍ ബോട്ട്, ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന തുഴക്കാരനോട് കൂടിയ തുഴ വഞ്ചി, ഒറ്റക്കും രണ്ടു പേര്‍ക്കുമൊക്കെയായി തുഴഞ്ഞ് പോകാവുന്ന കയാക്കിങ് ബോട്ട് എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.
 
ദക്ഷിണേന്ത്യയിലെ തന്നെ ഏററവും വലിപ്പമേറിയ ഇരുന്നൂറ്റി എഴുപത് മീററര്‍ നീളമുള്ള സിപ് ലൈന്‍ ഇവിടെയാണുള്ളത്. ഒറ്റ ദിവസത്തെ ഔട്ടിങ്ങ് എന്നതിലുപരി സഞ്ചാരികള്‍ക്ക് ഒന്നോ രണ്ടോ ദിവസം താമസിച്ച് തടാകത്തിന്റെ സൗന്ദര്യവും അവിടുത്തെ സാഹസിക വിനോദങ്ങളുമെല്ലാം ആവോളം ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. തടാകത്തിനഭിമുഖമായി നിർമ്മിച്ച ടെന്റുകളിൽ താമസിക്കാനും കഴിയും. താമസവും ഭക്ഷണവുമെല്ലാം ഒന്നിച്ചും അല്ലാതെയുമുള്ള പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പ്രൊഫഷണല്‍ സ്റ്റില്‍ കേമറകള്‍ക്ക് നൂറു രൂപയും വീഡിയോ കാമറകള്‍ക്ക് ഇരുന്നൂറ് രൂപയും നല്‍കണം.