സാധാരണക്കാരന് കെട്ടിടനിർമ്മാണം കൈയെത്താദൂരത്തോ

  • 2019-02-11 14:11:34

എല്ലാവരുടെയും ഒരുപോലെയുള്ള ആവശ്യമാണ് ഒരു വീട് എന്നുള്ളത്. അത് കൈയിലുള്ള സമ്പത്തിന്റെ അടിസ്ഥാനത്തിൽ ചെറുതാകാം, വലുതാകാം.. എന്ത് തന്നെയാണെങ്കിലും സ്വന്തമായി ഒരു വീടെന്നുള്ളത് ഒരു ബാധ്യത ആകുവാനോ ?? കേന്ദ്ര സംസ്ഥാന ബഡ്ജറ്റിലെ കൂട്ടിയ നിരക്കുകളും റിസേർവ് ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കിലാവും എല്ലാം കൂടിച്ചേർന്ന് നിർമ്മാണ മേഖല എന്തായി തീരുമെന്ന് അറിയാൻ പറ്റാതെയായി .

സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്ഥലത്തിന്റെ ന്യായ വിലയിലുണ്ടായ പത്ത് ശതമാനം വർധന എന്നുള്ളതായിരുന്നു ആദ്യത്തെ തിരിച്ചടി. ഇതിനനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചിലവിനുമൊക്കെ വർധന ബാധകമായി. പോരാത്തതിന് സിമന്റ് , മാർബിൾ ,ടൈൽസ് , ഗ്രാനൈറ്റ് , പെയിന്റ് തുടങ്ങിയ അത്യാവശ്യ നിർമ്മാണ വസ്തുക്കളുടെയൊക്കെ വില കൂടി. ഇതിനു കാരണമായതോ ഈ വസ്തുക്കൾക്ക് മേലുള്ള സെസ് കൂടിയതും. ഏറ്റവുമധികം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സമയമാണ് ജനുവരി മുതൽ മെയ് വരെ . സിമന്റ് വ്യാപാരികൾ ആദ്യമേ തന്നെ ഇതൊക്കെ മുന്നിൽ കണ്ടിട്ടായിരിക്കാം ,വില കൂടിയിരുന്നു. ചാക്കൊന്നിന് 50 രൂപ വരെയാണ് കൂടിയത്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലേക്കാളും 100 രൂപ വരെ അധികമാകും കേരളത്തിൽ. സംസ്ഥാനത്ത് സിമൻറിന് കമ്പനികള്‍ വില കുറക്കാത്തതിലും സർക്കാർ ഇതിന് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് സിമൻറ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും നിര്‍മാണ വ്യാപാര മേഖലയിലെ 16 സംഘടനകളും ചേർന്ന് 27ന് നടത്തുന്ന നിര്‍മാണ ബന്ദ് ലക്ഷ്യത്തിലെത്തുമോ എന്ന് കണ്ടറിയാം.

കൂടാതെ ആഡംബര വീടുകളുടെ കൂട്ടിയ നികുതിയും ഒരു ബാധ്യത ആയി. 3000 സ്‌ക്വയർ ഫീറ്റിലധികമുള്ള വീടിനും ഫ്ലാറ്റിനുമൊക്കെ നികുതി കൂടുതലായിരിക്കും. പിന്നീടുള്ള ഒരാശ്വാസം എന്നത് കേന്ദ്ര ബഡ്ജറ്റിലെ വീട് വായ്പ തിരിച്ചടവിന് ലഭിക്കുന്ന ആദായനികുതിയിളവ് രണ്ടാമത്തെ വീടിനും കിട്ടും എന്നുള്ളതാണ്. ഇതനുസരിച്ചു നിർമ്മാണം പൂർത്തിയായി കിടക്കുന്ന പല വീടുകളും ഫ്ളാറ്റുകളുമൊക്കെ ഇനി വിറ്റു പോകുമെന്ന ഒരു പ്രതീക്ഷ മിക്ക നിർമ്മാണ കമ്പനികൾക്കുമുണ്ട്.