ടെറസ്സുണ്ടോ വിഷമില്ലാത്ത പച്ചക്കറികൾ വിളവെടുക്കാം

  • 2019-03-14 10:42:24

കാൻസർ അടക്കമുള്ള മാരകമായ അസുഖങ്ങൾക്ക് കാരണം നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . അതുകൊണ്ട് വിഷരഹിതമായ ഭക്ഷണം കഴിക്കുക എന്നത് ഏറെ ആവശ്യമായ കാര്യമാണ് . പക്ഷെ ഇത് എവിടെനിന്ന് ലഭിക്കും എന്ന ചോദ്യത്തിന് മുൻപിൽ പലരും പതറി പോകാറുണ്ട് . ഇനി വിഷരഹിത പച്ചക്കറി അന്വേഷിച്ചുകൊണ്ട് അലയാതെ നമ്മുടെ വീട്ടിൽത്തന്നെ അവ ഉത്പാദിപ്പിച്ചെടുക്കാൻ നമുക്ക് സാധിക്കണം .

സ്ഥല പരിമിതികൾ കൊണ്ട് ഈ ആഗ്രഹം മാറ്റിവക്കുന്നവർക്കാണ് ടെറസിലെ കൃഷി എന്ന ആശയം ഏറ്റവുമധികം ഉപകാരപ്പെടുന്നത് . ഇത്തരക്കാരെ സഹായിക്കാനായി ഇന്ന് സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് . സംസ്ഥാനത്തെ കൃഷിഭവനുകള്‍വഴി 63 ലക്ഷം വിത്തുപാക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരുലക്ഷത്തോളം ഗ്രോബാഗുകള്‍ എന്നിവ സർക്കാർ വിതരണം ചെയ്തു വരികയാണ് .

ഒരു വര്‍ഷംമുഴുവന്‍ കുടുംബത്തിനു വേണ്ട പച്ചക്കറികള്‍ ലഭിക്കാനായി നാം ചെയ്യേണ്ടത് ഇത്രമാത്രം . ഒരംഗത്തിന് അരസെന്റ് സ്ഥലത്തെ വിഭവങ്ങള്‍ എന്ന കണക്കില്‍ അഞ്ചംഗങ്ങളുള്ള വീട്ടിലേക്ക് രണ്ടരസെന്റ്ടെറസ്സ് മാറ്റി വക്കുക . വെള്ളക്കെട്ടില്ലാത്ത സ്ഥലം വേണം ഇതിനായി തിരഞ്ഞെടുക്കാൻ . നന്നായി വെയിൽ കിട്ടുന്ന നല്ല നിരപ്പുള്ള സ്ഥലമാണ് തോട്ടം ഉണ്ടാക്കാൻ ഏറ്റവും നല്ലത് . നന്നാക്കാനുള്ള സംവിധാനവും അവിടെ ലഭ്യമായിരിക്കണം .വെണ്ട, പയര്‍, പച്ചമുളക്, വഴുതന, പാവല്‍, പച്ചച്ചീര, മത്തന്‍ എന്നിവ മഴക്കാലത്തും തക്കാളി, കാബേജ്, കോളിഫ്ളവര്‍ മുതലായവ ഒക്ടോബർ മാസങ്ങളിലും പടവലം, വള്ളിപ്പയര്‍, കുമ്പളം, ചുരയ്ക്ക, സലാഡ് വെള്ളരി എന്നിവ മഞ്ഞുകാലങ്ങളിലും നടാം .

വേനൽകാലത്ത് ചീര, കണിവെള്ളരി, തണ്ണിമത്തന്‍, മത്തന്‍, കുമ്പളം, പയര്‍ എന്നിവ നടുന്നതാണ് നല്ലത് . കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന അത്യുല്‍പ്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള വിത്തുകളാണ് ഉപയോഗിക്കേണ്ടത് . നന്നായി കിളച്ചു മണ്ണുപാകി അകലങ്ങൾ നിശ്ചയിച്ചുകൊണ്ട് ചെറിയ കുഴികളിലായി വിത്തോ തൈകളോ നടാം .