ചുട്ടുപൊള്ളുന്ന വെയിൽ മാത്രമല്ല പാലക്കാട് ഇങ്ങനെയും ചില ഇടങ്ങളുണ്ട്

  • 2019-03-14 11:47:00

കരിമ്പനകളുടെ നാടാണ് പാലക്കാട് . കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാട് മാർച്ച് ഏപ്രിൽ മാസങ്ങളിൽ അക്ഷരാർത്ഥത്തിൽ വറചട്ടിക്ക് സമമാണ് . കേരളത്തിൽ ഏറ്റവുംകൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയും പാലക്കാട് തന്നെ . ഇങ്ങനെ ഒക്കെ ആണെങ്കിലും ഈറൻ കാറ്റ് വീശുന്ന സുന്ദര ഇടങ്ങള്‍ പാലക്കാടിനും സ്വന്തമായുണ്ട് . പാലക്കാട് റെയിൽവേ ജങ്ഷൻ ആയ ഒലവക്കോടിന് അപ്പുറം ഏകദേശം അഞ്ചുകിലോമീറ്റർ മാറിയാണ് ധോണി എന്ന പ്രദേശം സ്ഥിതിചെയ്യുന്നത് . ഇവിടത്തെ വെള്ളച്ചാട്ടം ഏറെ പ്രശസ്തമാണ് . ഇതോടൊപ്പം തന്നെ അതിമനോഹരമായ പച്ചക്കറി തോട്ടവും പശുക്കളുടെ ഒരു ഫാമും ഇവിടത്തെ കാഴ്ചകളാണ് . വെള്ളച്ചാട്ടമുൾപ്പെടെയുള്ള കാഴ്ചകൾ കാണാൻ ടിക്കറ്റ് എടുക്കേണ്ടതുണ്ട് . വിനോദത്തിനായി മലമ്പുഴയിലേക്ക് വരുന്ന ആളുകളുടെ ഒരു സന്ദർശ്ശന കേന്ദ്രംകൂടിയാണ് ധോണി . കാടിനുളളിലേക്ക് ഒരു മണിക്കൂർ നേരം നടന്നാൽ മാത്രമേ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എത്താൻ സാധിക്കൂ .

പാലക്കാട്ടെ മറ്റൊരു ആകർഷണമാണ് വാക്കോടൻ മലക്കും , പാലക്കയത്തിനും സമീപത്തായി സ്ഥിതിചെയ്യുന്ന കാഞ്ഞിരപ്പുഴ ഉദ്യാനം . പാലക്കാട് നിന്ന് കോഴിക്കോട് ദേശീയപാതയിലൂടെ ഏതാണ്ട് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ചിറക്കപ്പടിയിൽ എത്താം . ഇവിടെനിന്ന് അഞ്ചുകിലോമീറ്റർ മാറിയാണ് ഈ ഡാമും ഉദ്യാനവും സ്ഥിതി ചെയ്യുന്നത് . സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലാണ് ഉദ്യാനത്തിന്റെ നടത്തിപ്പ് .കുട്ടികളുടെ പാർക്കും , വിശാലമായ പൂന്തോട്ടവും ഉള്ളതിനാൽ അവധി ദിനങ്ങൾ ഇങ്ങോട്ടേക്ക് എത്തുന്നവർ നിരവധിയാണ് . മഴക്കാലത്ത് അണക്കെട്ട് നിറയുമ്പോൾ ഷട്ടറുകൾ തുറക്കുന്ന അണക്കെട്ടാണ് ഇവിടത്തേത് . വൈകുന്നേരങ്ങളാണ് ഇങ്ങോട്ടേക്ക് വരാൻ ഏറ്റവും അനുയോജ്യം . പാലക്കാട്ടെ മീൻവല്ലം വെള്ളച്ചാട്ടവും ഏറെ പ്രശസ്തമായ ഒരു കാഴ്ചയാണ് . നിറയെ മീൻ പിടിക്കാൻ പറ്റുന്ന പുഴയോരത്തേക്ക് എത്തുവാൻ ജീപ്പ് സവാരിയാണ് ഏറ്റവും അനുയോജ്യം .