ഒരു എളുപ്പവാതിലിന്റെ വിശേഷങ്ങൾ

  • 2019-03-15 10:57:10

റെഡി മെയ്ഡ് വാതിലുകൾക്ക് ഇന്ന് വലിയ ജനപ്രീതിയാണ് ഉള്ളത് . സൗകര്യം, ചെലവ് കുറവ് തുടങ്ങിയ ഘടകങ്ങൾ ഇവ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു . മരം മുറിച്ച് ,ആശാരിമാരെകൊണ്ട് വാതിലുണ്ടാക്കിപ്പിക്കേണ്ട കഷ്ടപ്പാടൊന്നും ഇവിടെ ഇല്ല എന്നതുതന്നെ ഏറ്റവും വലിയ കാര്യം . കട്ടിള, വാതിൽപ്പിടി, പൂട്ട് , കുറ്റിയും കൊളുത്തും തുടങ്ങിഎല്ലാം ഇവിടെനിന്ന് തന്നെ സ്വന്തമാക്കി വാതിൽ എളുപ്പത്തിൽ വീട്ടിൽ ഘടിപ്പിക്കാം . പോളിഷിങ്, പെയിന്റിങ് എന്നിവക്ക് ശേഷം ഏറെ മനോഹരമായാണ് ഈ വാതിലുകൾ നമ്മുക്ക് വിപണിയിൽ ലഭ്യമാകുന്നത് . മുറികളുടെയും വാതിലിന്റെയും സ്വഭാവം അനുസരിച്ച് ഏറെ കണ്ടുവരുന്ന മെറ്റീരിയലുകളായ സ്റ്റീൽ, ഫൈബർ, പിവിസി, ഗ്ലാസ്, യുപിവിസി, അലുമിനിയം എന്നിവയിൽനിന്ന് നല്ലത് തിരഞ്ഞെടുക്കാവുന്നതാണ് .

പ്രധാന വാതിൽ, അടുക്കള വാതിൽ എന്നിവയ്ക്കായി കൂടുതൽ പേരും ഉപയോഗിക്കുന്നത് ഉറപ്പേറിയ സ്റ്റീൽ വാതിലുകളാണ് . കോൾഡ് റോൾഡ് (സിആർ), ഗാൽവനൈസ്ഡ് അയൺ(ജിഐ) എന്ന വക ഭേദങ്ങളാണ് സ്റ്റീൽ ടൂറുകൾക്ക് ഉള്ളത് . 86, 90, 96, 150 സെന്റീമീറ്റർ വീതികളിലാണ്‌ സാധാരണ ഇവ ലഭിക്കാറുള്ളത് . 14 ഗെയ്ജ് മുതൽ 20 ഗെയ്ജ് വരെയാണ് ഇവയുടെ കനം. ഇനി ഭംഗിക്കാണ് ഉറപ്പിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് എങ്കിൽ ഫൈബർ വാതിൽ ആണ് ഏറ്റവും അനുയോജ്യം . തടിയുടേതിന് സമമായ ഡിസൈനുകളിൽ ഇവ ലഭിക്കും . സ്റ്റാൻഡേർഡ് സൈസുകൾ 86 സെമീ, 90 സെമീ, 96 സെമീ മുതലായവയാണ്‌ . ഒരു മണിക്കൂർ സമയത്തിനുള്ളിൽ ചുവരിൽ ഉറപ്പിക്കാവുന്നവയാണ് ഫൈബർ വാതിലുകൾ . ചിതൽ പിടിക്കില്ല, ചൂടിനും തണുപ്പിനും അനുസരിച്ച് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യില്ല തുടങ്ങിയവയാണ് ഇവയുടെ മേന്മകൾ . ഇനി ഭംഗിയും വേണ്ട പേരിനൊരു വാതിൽ മതിയെന്നാണെങ്കിലോ ? അവിടെയാണ് പി വി സി വാതിലുകൾ രക്ഷക്കെത്തുക . രണ്ട് പിവിസി ഷീറ്റുകളും അവയ്ക്കുള്ളിൽ പ്രൊഫൈലും അടങ്ങിയ ഈ സംവിധാനം ഉപയോഗപ്പെടുത്തരുന്നവരും നിരവധിയാണ് .