ശ്രദ്ധയോടെ തിരഞ്ഞെടുക്കണം വീട്ടിലേക്കുള്ള ജനലുകൾ

  • 2019-03-15 11:12:04

മനുഷ്യ ജീവൻ നിലനിൽക്കാൻ ശ്വസിക്കുന്നത് എത്ര പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് വീടുകൾക്കും . അവക്കും ശുദ്ധവായു വേണം . ജനലുകള്‍ വീടിന്റെ ശ്വസനാവയവമാണ് എന്ന് വേണമെങ്കിൽ പറയാ൦ . വായു കൃത്യമായി വീടിനകത്ത് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്താലേ വീട്ടിനകത്തെ ശ്വസനപ്രക്രിയ ഭംഗിയാവൂ . അല്ലെങ്കിൽ അത് വീട്ടിലുള്ളവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . അതുകൊണ്ട് ജനലുകൾ ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ആവശ്യമാണ് .

വീടിനകത്തെ വായുവിന്റെ കാര്യത്തിൽ മാത്രമല്ല വെളിച്ചം അതായത് സൂര്യപ്രകാശത്തെ വീട്ടിലേക്ക് എത്തിക്കാനും ജനലുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട് . കൂടാതെ വീടിന്റെ ഭംഗി കൂട്ടുന്നതിലും ഇന്നത്തെ ആകർഷകമായ ജനലുകൾക്ക് സ്വാധീനമുണ്ട് . ജനലിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കുന്നതിനുമുന്പ് തന്നെ മുറിയുടെയും മറ്റും വലുപ്പം, ആവശ്യം, ചുറ്റുപാടിന്റെ പ്രത്യേകതകള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട് . തടിയും, ഗ്ലാസും, ഇരുമ്പിന്റെ അഴികളുമാണ് ഒരു ജനൽ നിർമ്മിക്കാൻ ഏറ്റവും ആവശ്യമായ സാധനങ്ങൾ . പല വലുപ്പത്തില്‍ ജനല്‍ ലഭ്യമാണ് . ഉദാഹരണത്തിന് ഒറ്റപ്പാളി, രണ്ട് പാളി, മൂന്ന് പാളി തുടങ്ങിയവയാണ് അവയിൽ ചിലത് .

ജനലുകളുടെ പൊക്കം സാധരണ ഒരു മീറ്റര്‍ മുതല്‍ 1.8 മീറ്റര്‍ വരെയാണ് കണ്ടുവരുന്നത് . 60 സെമീ വീതിയുള്ളവയാണ് ഒറ്റപ്പാളി ജനലുകൾ . ആവശ്യാനുസരണം ഈ കണക്കുകളിൽ മാറ്റം വരുത്താറുണ്ട് . ജനലിന്റെ കട്ടിളയും ഫ്രെയിമും നിര്‍മ്മിക്കുന്നതിന് തടിയാണ് സാധാരണ ഉപയോഗിക്കാറുള്ളത് . തേക്ക്, പ്ലാവ്, വേങ്ങ, ആഞ്ഞിലി, ഇരുള്‍ തുടങ്ങിയ തടികൾക്കാണ് കൂടുതൽ സ്വീകാര്യത . വീടിന്റെ ജനലുകൾക്കുള്ള ഗ്ലാസ് തിരഞ്ഞെടുക്കുന്നതിന് മുൻപ് വെളിച്ചം, കാഴ്ച നിയന്ത്രിക്കണോ വേണ്ടയോ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട് . പ്ലെയിന്‍, റിഫ്‌ളക്ടീവ്, ടിന്റഡ്, കളേര്‍ഡ് ചില്ലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് .