തമിഴ് ഹിറ്റ് സിനിമകളുടെ ഇഷ്ട ലൊക്കേഷൻ സിംഗനല്ലൂരിലെ തേവർമകൻ വീട്

  • 2019-04-22 12:35:07

പ്രസിദ്ധ തമിഴ് ഗ്രാമമായ പൊള്ളാച്ചിയിലെ സിംഗാനല്ലൂരിലാണ് നൂറുവര്ഷത്തെ പഴക്കം അവകാശപ്പെടാവുന്ന സിംഗാനല്ലൂർ പാലസ് സ്ഥിതി ചെയുന്നത് . ഈ പേരിനേക്കാൾ ഈ വീട് പരിചിതമാകുന്നത് തേവർമകൻ വീട് എന്ന പേരിലാണ് . ക്‌ളാസിക് ചിത്രമായ തേവർമകൻ ചിത്രീകരിച്ചതിനാലാണ് ഈ പാലസ് അങ്ങനെ അറിയപ്പെടുന്നത് . വീട്ടുടമസ്ഥർ കൊങ്ങുവെള്ളാറിലെ പ്രമുഖ ഉപവിഭാഗമായ ഗൗണ്ടര്‍ വിഭാഗത്തിൽ പെടുന്നവർ ആയതിനാൽ ഗൗണ്ടർ വീട് എന്നും ഇതിന് പേരുണ്ട് . കൃഷിയാണ് ഇവരുടെ പ്രധാന ജീവന ഉപാധി .

ഈ അരമനയുടെ സ്ഥാപക ഉടമസ്ഥര്‍ കെ. രാമസ്വാമി ഗൗണ്ടര്‍,അദേഹത്തിന്റെ പുത്രനായ എസ്.ആര്‍ പഴനി സ്വാമി ഗൗണ്ടര്‍ എന്നിവരാണ് . ഇവർ ആയിരുന്നു ഇവിടത്തെ നാടുവാഴികൾ . എണ്ണൂറേക്കറോളം ഭൂമി ഈ കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്നു . കേരളത്തിലെ പ്രമുഖ രാജ വംശമായ കൊല്ലങ്കോട് രാജവംശവുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു .

അതിമനോഹരമായ നിർമ്മിതിയാണ് പാലസിന്റെ പ്രത്യേകത . വീട്ടിലെ മരപ്പണികളുടെ ഭംഗി എടുത്ത് പറയേണ്ട ഒന്നാണ് . ഇവ നിർമ്മിക്കാൻ ആവശ്യമായ മരങ്ങൾ എത്തിച്ചത് നെന്മാറയില്‍ നിന്നും പറമ്പിക്കുളം ടോപ് ഹില്ലില്‍ നിന്നും ആണ് . അരമന നിർമ്മിക്കാൻ ആവശ്യമായ ആശാരിമാരെ കൊല്ലങ്കോട് രാജാവ് തന്നെ പൊള്ളാച്ചിയിലേക്ക് അയച്ചതായി പറയപ്പെടുന്നു .

ആയതിനാൽ ഓരോ നിർമ്മിതിയിലും കേരളം ടച്ച് പ്രകടമായി കാണാൻ സാധിക്കും . ആട്ടുകട്ടിലോട് കൂടിയ മനോഹരമായ പൂമുഖവും വല്ലിയ വരാന്തയും ആണ് വീട്ടിലേക്ക് വരുന്നവരെ ആദ്യം വരവേൽക്കുന്നത് . നിലം കാവിതേച്ച് മനോഹരമാക്കിയിട്ടുണ്ട് . കോഴിമുട്ട ഉപയോഗിച്ച് നടത്തിയ ഏതോ മിശ്രിതത്തിന്റെ സാന്നിധ്യത്താലാണ് അവിടത്തെ തൂണുകൾക്ക് ഇത്രയും മിനുസ്സമെന്നാണ് പഠനങ്ങൾ പറയുന്നത് . മനോഹരമായ കോണികളും മട്ടുപ്പാവും വീടിന്റെ പ്രൗഢി കൂട്ടുന്നു . വീട്ടിൽ എട്ടോളം മുറികളും രണ്ട് അടുക്കളകളും ഉണ്ട് . ഒന്ന് പുറത്താണ് സ്ഥിതിചെയ്യുന്നത് . വീടിനകത്ത് സാധാ തണുത്ത അന്തരീക്ഷമാണ് ഉള്ളത് .