പച്ചപ്പുകൊണ്ട് മൂടിയ ഒരു ഗുഹ വീട്

  • 2019-04-23 01:00:02

പച്ചപ്പിന് നടുക്കായി ഒരുവീട് സ്വപ്നം കാണാത്തവർ വിരളമായിരിക്കും . ആ പ്രതീതി ഉണ്ടാക്കാനായി നാം പറ്റാവുന്നത്ര വീടിനു ചുറ്റും മരങ്ങളും ചെടികളുമൊക്കെ വച്ചുപിടിപ്പിക്കാറുണ്ട് . എന്നാൽ വീട് ഉണ്ടെന്നപോലും അറിയാത്തവിധത്തിൽ പച്ചപ്പിനാൽ മൂടപ്പെട്ട വീടിന്റെ വിശേഷങ്ങൾ ആണ് ഇന്ന് ലോകം ചർച്ച ചെയുന്നത് . ഒറ്റനോട്ടത്തില്‍ അവിടൊരു വീട് ഉണ്ടെന്ന് തോന്നാത്ത ഈ വീട് ഒരു ഗുഹപോലാണ് നിർമ്മിച്ചിട്ടുള്ളത് . ഗുഹയ്ക്കു സമാനമായി ഭൂമിയോടു ചേര്‍ന്നുകൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് .

പാമ്പിന്റെയും പൂക്കളുടെയും മീനിന്റെയുമൊക്കെ ആകൃതിയില്‍ വീടുണ്ടാക്കുന്ന ജാവിയര്‍ സെനോസിയന്‍ എന്ന മെകിസ്‌ക്കന്‍ ആര്‍ക്കിടെക്ടാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് . ഓര്‍ഗാനിക് ആര്‍ക്കിടെക്ചറിന്റെ എല്ലാ സാധ്യതകളും ഈ വീട്ടിൽ നമുക്ക് കാണാൻ സാധിക്കും . പ്രകൃതിയെ ഒട്ടും ഹനിക്കാതെ പ്രകൃതിയോട് ചേർന്നാണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത് . വീടിന് ചുറ്റും പൂന്തോട്ടമാണ് . വീടിന്റെ മേല്‍ക്കൂരയും പൂന്തോട്ടത്തിലെ ലോണും ഒന്നാണ് എന്നതാണ് ഈ വീടിന്റെ പ്രത്യേകത . പഴയകാലത്തെ ഗുഹാനിർമ്മിതികളെ അനുസ്മരിപ്പിക്കുന്നതാണ് വീടിന്റെ ഉൾവശം .

സൂര്യപ്രകാശം അകത്തേക്കു കടക്കാത്ത വിധത്തിൽ മരങ്ങളും കുറ്റിച്ചെടികളും കൊണ്ടുളള ആവരണം വീടിന് നൽകിയിട്ടുണ്ട് . അതുകൊണ്ട് വീടിനകത്ത് ഇപ്പോഴും തണുപ്പായിരിക്കും . പൊടി , പുക തുടങ്ങി സകല മലിനീകരണങ്ങളില്‍ നിന്നും വേറിട്ടാണ് ഈ വീട് നിലനിൽക്കുന്നത് . വീടിനകത്തേക്കു ചെന്നാല്‍ ഭൂമിക്ക് അടിയിലെ ഗുഹയിലേക്കു കയറുന്ന അവസ്ഥയാണ്. ഫെറോ സിമന്റും മാര്‍ബിള്‍ പൗഡറും വൈറ്റ് സിമന്റും ചേര്‍ന്നു നിര്‍മിച്ചതാണ് വീട്ടിലെ ചുവരുകളും സീലിങ്ങും ഫര്‍ണിച്ചറുകളുമൊക്കെ . മുറികളെ വേർതിരിക്കാൻ പ്രത്യേകം തണലുകളും വീട്ടിൽ ഉണ്ട് . അടുക്കള, ഡൈനിങ് റൂം, ഡ്രസ്സിങ് റൂം, ബാത് റൂം എന്നിവയാണ് വീട്ടിൽ ഉള്ളത് .