കനേഡിയൻ സംസ്കാരത്തിന്റെ പൈതൃകം തേടി പോകാം... സീനിക് കേവ്സ് ലേക്ക്

  • 2019-04-23 01:00:02

സഞ്ചാരികളുടെ പറുദീസയാണ് കാനഡ . അവിടത്തെ ജോര്‍ജിയന്‍തീരത്തായിരുന്നു കനേഡിയൻ സംസ്കാരം ഉടലെടുത്തത് . അതിനെ സംരക്ഷിക്കുവാനാണ് കനേഡിയൻ ഭരണകൂടം സീനിക് കേവ്സ് എന്ന അഡ്വഞ്ചര്‍ പാര്‍ക്ക് നിർമ്മിച്ചെടുക്കുന്നത് . ഇന്ന് കാനഡയുടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് സീനിക് കേവ്സ് . കാനഡയിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് ഇത് . അതിപുരാതനമായ, ചരിത്രമുറങ്ങുന്ന ഗുഹാമുഖം തേടി നിരവധി സഞ്ചാരികളാണ് ദിവസം തോറും ഇങ്ങോട്ടേക്ക് ഒഴുകി എത്തുന്നത് .കാല്‍നടയായി കാണേണ്ട ഒന്നാണ് ഈ കേന്ദ്രം . പച്ചപ്പണിഞ്ഞ പുരാതനമായ ഗുഹകൾ അവിടെ തലയുയർത്തി നിൽക്കുന്നത് കാണാൻ സാധിക്കും .

നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ് സീനിക് കേവ്സ്ലേത് . ഇവ മനുഷ്യനും മുൻപ് ഭൂമുഖത്ത് ഉണ്ടായിരുന്നവയാണെന്ന് പറയപ്പെടുന്നു . നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മഞ്ഞുപാളികള്‍ തണുത്തുറഞ്ഞാണ് ഈ ഗുഹകൾ രൂപീകരിക്കപ്പെട്ടത് എന്ന വാദമാണ് ചരിത്രാന്വേഷകർ മുന്നോട്ടവെക്കുന്നത് . അതിപുരാതനവും വ്യത്യസ്തവുമായ പതിനേഴ് ഗുഹകളാണ് ഈ പാർക്കിൽ ഉള്ളത് . ഇവ മുഴുവൻ നടന്നുകാണുവാൻ രണ്ടുമണിക്കൂർ വേണം . റെഫ്രിജറേറ്റര്‍ കേവ് എന്നറിയപ്പെടുന്ന ഗുഹയാണ് ആദ്യം സ്ഥിതിചെയ്യുന്നത് . പേരുപോലെ ഗുഹയുടെ അകം മുഴുവന്‍ തണുപ്പ് പടർന്നിരിക്കും . ഏകദേശം നാല് ഡിഗ്രിവരെ ഇതിനകത്ത് താപനില താഴാറുണ്ട് . ഭൂനിരപ്പില്‍നിന്നും 70 അടി താഴ്ചയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്.

റെഫ്രിജറേറ്റര്‍ കേവ്നു മുകളിലേക്ക് ചെന്നാൽ ചുണ്ണാമ്പുകല്ലുകൾകൊണ്ടുള്ള മനോഹരമായ നിർമ്മിതികൾ ആസ്വദിക്കാം . ഇവിടെനിന്ന് നോക്കിയാൽ പതിനായിരം ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള ജോര്‍ജിയന്‍ ഭൂപ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കും . പെറ്റണ്‍ വിഭാഗത്തില്‍പ്പെട്ട ആദിമമനുഷ്യര്‍ താമസിച്ചിരുന്ന എകരെന്നിയോണ്ടി എന്ന പ്രദേശ൦ ഗുഹയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത് . ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണമാണ് സീനിക് കേവ്സില്‍നിന്നും 25 മീറ്റര്‍ ഉയരത്തിലും ജോര്‍ജിയന്‍ തീരത്തുനിന്നും 300 മീറ്റര്‍ ഉയരത്തിലും സ്ഥിതിചെയ്യുന്ന പാലം. ഈ പാലം കടന്നാൽ സഞ്ചാരികള്‍ക്കായി സിപ് ലൈന്‍ സൗകര്യത്തിലേക്ക് എത്താം . ഇത്തരത്തിൽ കാഴ്ചകളുടെ പൂരമാണ് കാനഡയിലെ സീനിക് കേവ്സ്.