കലാസാംസ്കാരിക പൈതൃകവുമായി വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന

  • 2019-04-25 13:56:40

കഥകളി ഗ്രാമമായ പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിലാണ് അതിപ്രശസ്തമായ ഒളപ്പമണ്ണ മന സ്ഥിതി ചെയുന്നത് . അടയ്ക്കാപുത്തൂർ കണ്ണാടിക്കും , വാദ്യ കലാരംഗത്തും പേരുകേട്ട ഈ ഗ്രാമത്തിന്റെ പ്രൗഢി ഈ തറവാട്ടിൽ നമുക്ക് കാണാൻ സാധിക്കും . വെള്ളിനേഴിയുടെ ചരിത്രത്തിന് ബുദ്ധമതത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു . ഒളപ്പമണ്ണ മന ഒരു എട്ടുകെട്ടാണ് . അതായത് തറവാട്ടിൽ രണ്ട്‍ നടുമുറ്റങ്ങളാണ് ഉള്ളത് . ഇരുപതേക്കറിൽ പരന്നു കിടക്കുന്ന മനയിൽ മാളികപ്പുരയും ഉണ്ട് . കലാസാഹിത്യ രംഗത്ത് നിരവധി സംഭാവനകൾ ചെയ്ത തറവാടാണ് ഒളപ്പമണ്ണ മന . ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, വേദ അധ്യാപകനായ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മഹാകവി ഒളപ്പമണ്ണ , തുടങ്ങിയവർ ഈ തറവാട്ടിലെ അംഗങ്ങൾ ആയിരുന്നു .

ഏകദേശം മുന്നൂറ്റി അൻപത് വർഷത്തെ പാരമ്പര്യം ഉണ്ട് ഒളപ്പമണ്ണ മനക്ക് . ക്ഷേത്രങ്ങളിലും കോവിലകങ്ങളിലും കണ്ടുവരുന്ന തച്ചുശാസ്ത്ര രീതിയാണ് മനയിലും കാണാൻ സാധിക്കുക . ഈട്ടിയും തേക്കുമാണ് ഏറെയും ഉപയോഗിച്ചിരിക്കുന്നത് . അതിവിശാലമായ പൂമുഖം കടന്നാൽ നേരെ ചെന്നെത്തുന്നത് നടുമുറ്റത്തേക്ക് ആണ് . പൈതൃകത്തിന്റെ ചിഹ്നമായ ഒരു തുളസിത്തറയും ഒരു ദേവി ക്ഷേത്രവും പാട്ടുകൊട്ടിലും അവിടെ കാണാൻ സാധിക്കും . മനയുടെ വടക്ക് ഭാഗത്തെ മുറിയിലേക്ക് ചെന്നാൽ പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ കാണാം . വലിയ ഉപ്പുമാങ്ങ ഭരണികൾ , പഴയ പത്രങ്ങൾ , ചെപ്പുകൾ തുടങ്ങിയവ ഇവിടെ കാണാനാകും . മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ആകാശഗംഗ , ആറാംതമ്പുരാൻ , ഒടിയൻ , എന്നുനിന്റെ മൊയ്‌ദീൻ എന്നെ ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചവയാണ് .