വീട്ടിലെ കിണറിനു നൽകാം പ്രകൃതിയുടെ കവചം... കളിമൺ റിങ്ങുകൾ

  • 2019-04-24 14:03:27

ഈ വേനലിലും വറ്റാത്ത നിരവധി കിണറുകളുണ്ട് കേരളത്തിൽ . അത്തരം കിണറുകൾക്ക് പ്രകൃതിയുടെ കവചം നല്കാൻ ഒരു പുത്തൻ ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം തൊഴിലാളികൾ . കളിമണ്ണില്‍ തീര്‍ത്ത റിങ്ങുകളാണ് ഇനിയങ്ങോട്ട് കിണറിൽ സ്ഥാനം പിടിക്കാൻ പോകുന്നത് . ചെങ്കല്‍, കരിങ്കല്‍, ഇഷ്ടിക മുതലായവ ഉപയോഗിച്ചായിരുന്നു ഇതുവരെ കിണറുകളുടെ ഉൾഭാഗം ഇടിഞ്ഞുവീഴാതെ സംരക്ഷിക്കാനുള്ള റിങ്ങുകൾ നിർമ്മിച്ചിരുന്നത് . അവക്ക് ശേഷം വലിയ തോതിൽ കോൺക്രീറ്റുകൊണ്ടുള്ള റിങ്ങുകൾ ഇറക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി . ഈ പ്രവണത കിണറുകളിലെ വെള്ളം മലിനമാവുന്നതിനും ഉറവകള്‍ അടഞ്ഞു പോകുന്നതിനും കരണമാകുന്നുണ്ടായിരുന്നു . ഇവക്ക് പകരമാണ് കളിമൺ റിങ്ങുകൾ .

കളിമണ്‍ റിങ്ങുകള്‍ ഉപയോഗിക്കാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ , പാലക്കാട് ജില്ലകളിലുള്ളവരാണ് . വേനൽക്കാലം പൊതുവെ കിണര്‍ നിര്‍മാണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും കൂടുതലുണ്ടാകുന്ന സമയമായതിനാലാണ് ഈ സമയം തന്നെ കളിമൺ റിങ്ങുകൾ പരീക്ഷിക്കാൻ അവർ തിരഞ്ഞെടുത്തത് . പുതിയ ആശയം പ്രതിസന്ധിയിലായ മണ്‍പാത്ര നിര്‍മാണ മേഖലയെയും വലിയ തോതില് സഹായിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു . തൃശൂര്‍, ഷൊര്‍ണൂര്‍ ,കുറ്റിപ്പുറം മേഖലകളിലെ നിരവധി ചെറുകിട കമ്പനികളാണ് റിങ് നിർമ്മിക്കാൻ മുന്നിൽ നിൽക്കുന്നത് .

ചെളിയില്‍ വാർത്തെടുക്കുന്ന റിങ്ങുകൾ ചൂളയിൽ ചുട്ടെടുത്താണ് നിർമ്മാണം . മൂന്നു കോല്‍ മുതല്‍ 11 കോല്‍ ചുറ്റളവുവരെ വിവിധ വലിപ്പമുള്ള റിങ്ങുകള്‍ ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ട് . പ്രകൃതിയോട് ഇണങ്ങിയ കളിമൺ റിങ്ങുകൾ ഉപയോഗിക്കുന്നതിലൂടെ വെള്ളത്തിന്റെ ശുദ്ധിയും തണുപ്പും നിലനിര്‍താനാകുമെന്നതാണ് ഈ റിങ്ങുകളുടെ ഗുണം .