ന്യൂ ജനറേഷൻ മച്ച് എന്ന ഫോൾസ് സീലിങ്ങ്

  • 2019-04-24 14:33:36

സീലിങ് ഡിസൈനുകളിൽ ഇന്നത്തെ ട്രെൻഡ് എന്താണെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന രീതിയാണ് ഫാൾസ് സീലിംഗ് . മുറിക്കു കൂടുതൽ ഭംഗി നൽകാനായി സീലിങ്ങിന്റെ അടിയില്‍ കൃത്രിമ സീലിങ് നല്കുന്ന രീതിയാണ് ഇത് . പണ്ടുകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന മച്ചിന്റെ ഒരു വകബേധമാണ് ഇതെന്ന് പറയാം . മുറിക്കുള്ളിലെ ചൂട് കുറക്കാനും , സാധനങ്ങൾ സൂക്ഷിക്കുവാനും , ഉപയോഗിച്ചിരുന്ന മച്ച് നിർമ്മിച്ചിരുന്നത് തടികൾ ഉപയോഗിച്ചായിരുന്നു . എന്നാൽ ഫാൾസ് സീലിംഗ് നിർമ്മിക്കാൻ ഒരുപാട് രീതികൾ ഇന്ന് നിലവിൽ ഉണ്ട്.

ഫോൾസ് സീലിങ് പ്രധാനമായും രണ്ടുതരത്തിലാണ് ചെയ്യുന്നത് . സസ്പെൻഡഡ് സീലിങ് സിസ്റ്റം, ഗ്രിഡ് സീലിങ് സിസ്റ്റം ഇവയാണ് രണ്ടു രീതികൾ . ഭിത്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടു നൽകുന്നതോ സീലിങ്ങിൽനിന്നു തൂങ്ങി നിൽക്കുന്നതോ ആയ ഫ്രെയിമുകളിലും പാനലുകളിലുമാണ് ഫോൾസ് സീലിങ് ചെയ്യേണ്ടത് . ഏറ്റവും കുറഞ്ഞത് ഏഴര – എട്ട് സെമീ അകലം സീലിങ്ങിനും ഫോൾസ് സീലിങ്ങിനും ഇടയിൽ വരാൻ ശ്രദ്ധിക്കണം .

ഫോൾസ് സീലിങ്ങിലേക്ക് തറനിരപ്പിൽ നിന്ന് 260–265 സെമീ ഉയര൦ ഉണ്ടായിരിക്കണം. ഫോൾസ് സീലിങ് എന്തിനുവേണ്ടി നൽകുന്നുവെന്നതനുസരിച്ചും മുറിയുടെ ഉയരം, നീളം, വീതി എന്നിവക്ക് അനുസരിച്ചും അളവുകളിൽ മാറ്റം വന്നേക്കാം . ഇന്ന് ഫോൾസ് സീലിങ്ങിലെ ഏറ്റവും ജനകീയമായ രീതി ചുവരിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ അലുമിനിയം ചാനൽ കൊണ്ടുള്ള ഫ്രെയിം പിടിപ്പിക്കുന്ന രീതിയാണ് .

ഇന്റീരിയറിലെ ഭംഗി കൂട്ടിക്കൊണ്ട് മുറിയുടെ ഉയരം ക്രമീകരിക്കാം എന്നതാണ് ഫോൾസ് സീലിങ്ങിന്റെ ഏറ്റവും വലിയ ഗുണം . സീലിങ് തേക്കേണ്ട ആവശ്യ൦ വരാത്തതുകൊണ്ട് തന്നെ ആ ചിലവും ലാഭിക്കാവുന്നതാണ് . എസി പിടിപ്പിച്ചിട്ടുള്ള മുറികളിൽ ഫോൾസ് സീലിങ് ഘടിപ്പിക്കുന്നതിലൂടെ തണുപ്പ് കൂട്ടാൻ സാധിക്കും . നിരവധി പ്രത്യേകതകൾ ഉള്ള ഫോൾസ് സീലിങ്ങിന് ഇന്ന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത് .