വീട്ടിലെ കിണറിലെ വെള്ളം ശുദ്ധമാണോ... ഇങ്ങനെ അറിയാം...

  • 2019-04-25 14:21:20

വേനല്ക്കാലമായതോടെ ചുട്ട് പൊള്ളുന്ന കേരളത്തിൽ രോഗങ്ങൾക്കും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . വയറിളക്കവും ചിക്കന്‍ പോക്‌സുമുള്‍പ്പെടെയുള്ള രോഗങ്ങൾ കേരളത്തിൽ പടരുന്ന കാലംകൂടിയാണ് ഇത് . രണ്ടുമാസത്തിനിടെ 9004 പേരാണ് വയറിളക്കംമൂലം കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയത് . ഇതിൽ ഭൂരിഭാഗം അസുഖങ്ങളും വെള്ളത്തിലൂടെ പടരുന്നവയാണ് . ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയാണ് ഈ രോഗങ്ങൾക്ക് എളുപ്പത്തിൽ മലയാളികളെ കീഴടക്കാൻ ആയത് . ഇതിന് പരിഹാരമായി നാം കാണുന്നത് നമ്മുടെ വീട്ടിലെ കിണറുകൾ ആണല്ലോ . ആ കിണറുകളിലെ വെള്ളത്തിന്റെ ശുദ്ധതയിലും ഇന്ന് സംശയം ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു . അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് നോക്കാം .

സ്വന്തം വീട്ടിലെ കിണറിലെ വെള്ളമാണെന്ന് കരുതി ഒരു കാരണവശാലും അത് തിളപ്പിക്കാതെ കുടിക്കാൻ പാടുള്ളതല്ല . ഇങ്ങനെ തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറക്കാൻ സഹായകമാകും . തുറസ്സായി അടച്ചുവെക്കാത്ത വെള്ളത്തിൽ കൊതുക് മുട്ടയിടാനുള്ള സാധ്യതയുള്ളതിനാൽ കിണറും വീട്ടിലെ വെള്ളം സൂക്ഷിക്കുന്ന പാത്രവും അടച്ചുസൂക്ഷിക്കേണ്ടതാണ്. കിണറിലെ വെള്ളത്തിന്റെ പരിശുദ്ധി അറിയാൻ നിരവധി മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട് .

വാട്ടര്‍ അതോറിറ്റി, സി.ഡബ്ല്യു.ആര്‍.ഡി.എം, മലാപ്പറമ്പ് റീജണല്‍ അനലിറ്റിക്കല്‍ ലാബ് എന്നിവിടങ്ങളിൽ വീട്ടിലെ വെള്ളത്തിന്റെ സാമ്പിൾ നൽകിയാൽ അത് എത്രത്തോളം പരിശുദ്ധമാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും . ഒരു ലിറ്റര്‍ വെള്ളം ആണ് ഫിസിക്കല്‍-കെമിക്കല്‍ പരിശോധന നടത്തുവാനായി നൽകേണ്ടത് . നിറമുള്ള കുപ്പികളില്‍ വെള്ള൦ കൊണ്ടുപോയി നൽകരുത് . 500 രൂപയാണ് ഈ പരിശോധനയുടെ ചിലവ് . 850 രൂപ നൽകിയാൽ ബാക്ടീരിയ പരിശോധനയും ഇതോടൊപ്പം നടത്താം