ആഡംബരത്തിലും ലാളിത്യം കാണാവുന്ന രവീണയുടെ നിലയ

  • 2019-04-25 16:52:37

ബോളിവുഡ് താരസുന്ദരി രവീണ യുടെ വീടാണ് നിലയ . ഈ സംസ്കൃത ശബ്ദത്തിന് അർഥം വീട് എന്നുതന്നെയാണ് . ഈ വീട് സ്ഥിതിചെയ്യുന്നത് മുംബൈയിലെ ബാന്ദ്രയിലാണെങ്കിലും വീടിന്റെ അന്തരീക്ഷം കണ്ടാൽ ആരായാലും അത്ഭുതപെട്ടുപോകും. പച്ചപ്പും പക്ഷികളുടെ കൂജനങ്ങളും നിറഞ്ഞ ഇത്തരമൊരു വീട്ആ നഗരത്തിൽ ആർക്കും സങ്കൽപിപ്പിക്കാൻ പോലും സാധിക്കില്ല . അത്രകണ്ട് പ്രകൃതിസൗഹൃദപരമായ ഒരു കെട്ടിടമാണ് ഈ വീട് . വീടിനായി ഭൂമി തിരഞ്ഞെടുത്തപ്പോൾ ആ ഭൂമിയിലെ ഒരു മരംപോലും മുറിച്ചുമാറ്റരുതെന്ന് നടിയുടെ ഭർത്താവ് പ്രത്യേകം നിർദേശം നൽകിയിരുന്നു . അതാണ് ഈ പച്ചപ്പിന് പുറകിലെ രഹസ്യം . പതിനഞ്ചോളം വരുന്ന തെങ്ങുകളും മാവും സപ്പോട്ടയും ചെടികളും എല്ലാം ആ പറമ്പിൽ നിറഞ്ഞുനിൽക്കുന്നുണ്ട് . അവയിൽ പറന്നുവന്നിരിക്കുന്ന കുയിലുകളും , തേനുണ്ണാൻ എത്തുന്ന ചിത്രശലഭങ്ങളുമെല്ലാമായി അതിമനോഹരമായ അനുഭൂതിയാണ് നിലയയിൽ എപ്പോഴും .

വീടിന്റെ പലയിടത്തും കേരളീയ വാസ്തുവിദ്യയുടെ അംശങ്ങൾ കാണാം. കേരള ടച്ചിന്റെ വലിയ ആരാധികയാണ് രവീണ . കേരളീയതയുടെ അനുകരണങ്ങൾ കൂടാതെ മൊറോക്കന്‍, യൂറോപ്യന്‍,വാസ്തുശൈലികളുടെ മിശ്രണമാണ് ആ വീട് . ആര്‍ക്കിടെക്ടുമാരായ സാകേത് സേത്തിയും ശബ്ദനം ഗുപ്തയും ചേർന്നാണ് ഈ മനോഹരമായ വീട് ഈ രീതിയിൽ പണിതത് . വീട്ടിലേക്ക് കയറിവരുന്നവരെ സ്വീകരിക്കുന്നത് വലിയ ഗണേശവിഗ്രഹമാണ് . വാസ്തു അനുസരിച്ച് പണിത അമ്പലമാണ് വീട്ടിലെ മറ്റൊരു ആകർഷണം . അത്യധികം ആകര്‍ഷണീയമായ ലിവിങ് റൂമിലെ കസേരകള്‍ ബാലിയില്‍ നിന്നാണ് എത്തിച്ചത്. ഡൈനിങ് ടേബിളിന് മുകളിലായി തൂങ്ങുന്ന ബ്രാസിലുള്ള ചന്ദേലിയറും അവിടെനിന്ന് തന്നെ . പരേശ് മൈതി, തോട്ട വൈകുണ്ഠം എന്നിവരുടെ ചിത്രങ്ങളാണ് ചിത്രങ്ങൾ ഏറെ ഇഷ്ടമുള്ള രവീണ വീട് അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത് . വീട്ടിനകത്തെ ചെടികളുടെ സാനിധ്യവും എടുത്ത് പറയേണ്ട ഒന്നാണ് .