ഗോഥിക് ചാതുര്യവുമായി നോട്ര ഡാം കത്തീഡ്രല്‍

  • 2019-04-25 17:07:49

12 -16 നൂറ്റാണ്ടുകളുടെ സംഭാവനയായ ഗോഥിക് ശില്പ ചാതുര്യം വിളിച്ചോതുന്ന ഉത്തമ ഉദാഹരണം ആയിരുന്നു ഫ്രാൻസിലെ നോട്ര ഡാം കത്തീഡ്രല്‍. അതിലുപരി ലോകത്താകമാനം ഉള്ള ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഇരിപ്പിടം കൂടി ആയിരുന്നു. അതിനു മുകളിൽ ഉണ്ടായ ഒരു തകർച്ച ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അഗ്നിബാധ.

ക്രൂശിൽ തറയ്ക്കുന്ന അവസരത്തിൽ യേശുദേവൻ അണിഞ്ഞിരുന്നത് എന്ന് വിശ്വസിക്കുന്ന മുൾകിരീടവും കുരിശിന്റെ ഒരു ഭാഗവും സൂക്ഷിച്ചിരുന്ന ഈ ദേവാലയം വിശ്വാസവും ശൈലിയും കൊണ്ട് ലോകത്തെമ്പാടുമുള്ള ജനങ്ങളെ ഇങ്ങോട്ടു ആകർഷിച്ചിരുന്നു. സീയന്‍ നദിയുടെ ഇല്‍ ഡി ല പ്രദേശത്ത് റോമന്‍ കത്തോലിക്കാ സഭയുടെ ഈ കത്തീഡ്രലിന്റെ നിര്‍മ്മാണം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. വളരെ ഉയരമുള്ള പുറം ചുവരുകളെ താങ്ങി നിര്‍ത്തുന്ന ആര്‍ച്ചുകളും കല്ലില്‍തീര്‍ത്ത പ്രതിമകളും മറ്റു കലാരൂപങ്ങളുമെല്ലാം കത്തീഡ്രലിനെ ഏറെ പ്രശസ്തമാക്കിയിരുന്നു. ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഒരു പള്ളിയുടെ സ്ഥാനത്താണ് കത്തീഡ്രല്‍ പണിതത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും നൂറ്റാണ്ടുകള്‍കൊണ്ടാണ് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അന്ഗ്നി ബാധയിൽ തകർന്നത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പൂര്‍ത്തീകരിച്ച സ്തൂപങ്ങളാണ്.

പള്ളിയുടെ മുന്നിലുള്ള രണ്ടു ഗോപുരങ്ങളുടെ പണി പൂര്‍ത്തിയായത് പതിമൂന്നാം നൂറ്റാണ്ടിലാണ്. രണ്ടു ഗോപുരങ്ങളും ആര്‍ച്ചുകളും നോട്ര ഡാമിനെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ മതപരമായ ഗോഥിക് വാസ്തുശില്‍പ്പകലയുടെ പ്രതീകമായി മാറുന്നതിനു സഹായിച്ചു. ആര്‍ച്ചുകളും ഉയരം കൂടിയതും നേര്‍ത്തതും വലുതുമായ ജനാലകളുമെല്ലാം നോട്ര ഡാമിന്റെ സവിശേഷതകളായി മാറി. യൂറോപ്പില്‍ ഗോഥിക് വാസ്തുശില്പകലയില്‍ പണികഴിപ്പിച്ച മറ്റു പള്ളികളുടെയെല്ലാം രൂപകല്‍പ്പന നോട്ര ഡാമിനോട് കടപ്പെട്ടിരിക്കുന്നു.