ചരിത്രത്താളുകളിൽ എന്നും വിസ്മയമായി പുനലൂർ തൂക്കുപാലം

  • 2019-04-28 18:58:56

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, കൊല്ലം ജില്ലയുടെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ചത്. ആ സമയത് തന്നെ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയും ചെയ്തു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌ തടി പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌. അന്ന് മൂന്ന് ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചിലവ്. പാലത്തിന് നാനൂറ് അടി നീളമുണ്ട്‌. ആർച്ചുകൾക്കിടയിൽ 200 അടിയും ആർച്ചുകൾക്കിരുവശവും 100 അടി വീതവും ആണുള്ളത്. ഒരേ സമയം 6 ആനകളെ നടത്തിച്ചാണ് പാലത്തിന്റെ ബലക്ഷമത പരിശോധിച്ചത്. 53 കണ്ണികളുള്ള രണ്ട ചങ്ങലകളുപയോഗിച്ചാണ് പാലം തൂക്കിയിട്ടിരുന്നത്.

കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം ബസ്സുകളും ലോറികളും നിരവധി കടന്നു പോയിട്ടും പാലം ഒരു വിസ്മയമായിതന്നെ നിലകൊണ്ടു. പിന്നീട്‌ വര്‍ദ്ധിച്ച്‌ വന്ന ഗതാഗത ആവശ്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യയുടെ വികാസവും വഴി സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നു. എന്നാൽ വാട്ടര്‍ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റന്‍ കുഴലുകള്‍ യോജിപ്പിക്കുന്ന ഭാഗത്ത്‌ കൂടിയും അല്ലാതെയും പൊട്ടിയൊലിച്ച്‌ വന്നുകൊണ്ടിരുന്ന ക്ളോറിൻ വെള്ളം തേക്ക്‌ തടി തട്ടിനെയും , എന്തിനു വര്‍ഷങ്ങള്‍ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന കൂറ്റന്‍ ചങ്ങലെയെപ്പോലും സാവധാനം നശിപ്പിച്ചു. 1970 കളില്‍ ഗതാഗതം നിലച്ച ഈ പാലം 1990 ല്‍ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുക്കുകയായിരുന്നു.

ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും പുനലൂര്‍ തൂക്കുപാലം സജ്ജീവമായി . കല്ലടയാറിനു കുറുകെയുള്ള ഈ ചരിത്രസ്മാരകം, 1.35 കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. പുനരുദ്ധാരണത്തിനു ശേഷം തുറന്നു കൊടുത്ത തൂക്കുപാലം, സന്ദർശകരാൽ നിറഞ്ഞുകവിയുകയാണ്. ഇപ്പോഴിതാ അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്നാണ് ആവശ്യം. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ഈ ആവശ്യം