കിച്ചൻ കബോർഡ് ഒരുക്കുമ്പോൾ...

  • 2019-04-28 01:00:01

പണ്ടൊക്കെ അടുക്കളയിൽ പത്രങ്ങളൊക്കെ വയ്ക്കാൻ നിറയെ സ്ഥലമുണ്ടായിരുന്നു. പിന്നീട് സ്ഥലം കുറയുന്നതിനനുസരിച്ച് അടുക്കളയോട് ചേർന്ന് സ്റ്റോർ റൂം എന്നൊരാശയം വന്നു. ഇപ്പോഴാകട്ടെ സ്റ്റോർ റൂമിന്റെ അതെ ഉപയോഗം തന്നെയാണ് കിച്ചൻ കബോർഡുകൾക്കുള്ളത്. പാത്രങ്ങളും മറ്റും സൂക്ഷിക്കുക എന്നുള്ളതല്ലാതെ ഇന്നത്തെ കാലത്തേ അടുക്കളയുടെ ഭംഗിയും ഈ കബോർഡുകളെയും ആശ്രയിച്ചാണുള്ളത്.

കബോർഡുകൾ നിർമ്മിക്കും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലതരത്തിലുള്ള മെറ്റീരിയലുകൾ കൊണ്ടും ഈ കബോർഡുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ എപ്പോഴും നനവ് തട്ടുന്ന ഭാഗമായത് കൊണ്ട് തടി കൊണ്ടുള്ള കബോർഡുകൾ ഒഴിവാക്കുന്നതാണ് നല്ലത്. മൾട്ടിവുഡിലും, സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടും നിർമ്മിക്കാവുന്നതാണ്. മൾട്ടിവുഡ് നനഞ്ഞാൽ കേടുവരില്ല എന്നുള്ളത് കൊണ്ട് കിച്ചൻ കബോർഡുകൾക്ക് ഇത് അനുയോജ്യമായിരിക്കും.

കിച്ചന്‍ കാബിനറ്റുകള്‍ക്കകത്ത് മിക്കപ്പോഴും ഇരുട്ടായിരിക്കും. മഴക്കാലത്തൊക്കെ അതില്‍ ഈർപ്പവും ഉണ്ടാകും. പല്ലി, പാറ്റ, കൂറ തുടങ്ങിയവയ്ക്കൊക്കെ മുട്ടയിട്ട് വളരാന്‍ എളുപ്പം. പാളികളിലേതെങ്കിലും ഒരു ഭാഗം ഗ്ലാസ് ആക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. അതിലൂടെ അകത്തേക്ക് വെളിച്ചവും ചൂടും കടക്കും. വെളിച്ചത്തില്‍ ഇത്തരം ജീവികള്‍ മുട്ടയിടില്ല. ഈര്‍പ്പം പെട്ടെന്ന് പോവുന്നതിനും ഇത് സഹായിക്കും.
മേശയ്ക്ക് മുകളിലുള്ള ഷെല്‍ഫുകളില്‍ കബോർഡുകൾക്കെല്ലാത്തിനും പാളികള്‍ വേണമെന്നില്ല. പാളികള്‍ കുറയ്ക്കുന്നത് സമയവും പണച്ചെലവും കുറയ്ക്കും. ചായപ്പൊടി, പഞ്ചസാര, മുളക് തുടങ്ങിയവയുടെ ടിന്നുകള്‍ വയ്ക്കുന്ന ഷെല്‍ഫുകള്‍ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യുന്നതാണ്. അത്തരം ഷെല്‍ഫുകള്‍ക്ക് പാളികള്‍ വേണമെന്നില്ല.