കുഞ്ഞുങ്ങളുള്ള വീടാണോ... അടുക്കള ഇങ്ങനെ ഒരുക്കണം.

  • 2019-04-29 12:57:18

ഏതൊരുവീട്ടിലും ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് അടുക്കള . കുടുംബത്തിനായി ഭക്ഷണം പാകംചെയ്യാൻ ഉപയോഗിക്കുന്ന ഈ മുറിയിലാണ് ദിവസത്തിൽ ഭൂരിഭാഗം സമയവും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജോലിനോക്കുന്നത് . പലതും എടുക്കാനും കഴിക്കാനും അടുക്കള നാം ഉപയോഗിക്കുമ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾക്ക് അടുക്കള എന്നത് കൗതുകമുണർത്തുന്ന ഒരിടം കൂടിയാണ് . അവിടെ കബോർഡുകളിൽ അടുക്കി വച്ചിരിക്കുന്ന പാത്രങ്ങളും പച്ചക്കറികളും പലനിറത്തിൽ കത്തുന്ന സ്റ്റവുകളും കുട്ടികളിൽ കൗതുകമുണ്ടാക്കുന്നു . ഇതെല്ലം കാണാനും തൊടാനും പിടിക്കാനുമുള്ള കുട്ടികളുടെ ആഗ്രഹമാണ് വലിയ അപകടങ്ങളിൽ ചെന്ന് കലാശിക്കുന്നത് . ഇവയിൽനിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിചയപ്പെടാം .

അച്ഛനും അമ്മയും മാത്രമുള്ള അണുകുടുംബങ്ങളാണ് ഇന്ന് ഭൂരിഭാഗവും . വല്യച്ഛന്മാരുടെയും വല്യമ്മമാരുടെയും ബന്ധുമിത്രാദികളുടെയുമൊന്നും സാനിധ്യവും സഹായവും ആ കുടുംബങ്ങൾക്ക് ലഭിക്കാത്തതിനാൽ മുഴുവൻ ഉത്തരവാദിത്തവും വീട്ടിലെ അമ്മയുടെ ചുമലുകളിൽ ആവുന്നു . ഇന്ന് ഈ ശ്രദ്ധ ലഭിക്കാതെ വരുന്ന സാഹചര്യം വലിയ അളവിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് . വിദേശരാജ്യങ്ങളിൽ ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ ബേബി പ്രൂഫിങ് ചെയുക എന്ന ഒരു പരിപാടിയുണ്ട് .

കിച്ചന്‍ കൗണ്ടര്‍ടോപ്, വീട്ടിലെ അടുക്കളയിലുള്ള കൂർത്ത അഗ്രമുള്ള ഭാഗങ്ങൾ എന്നിവ കവർ ചെയ്യുകയെന്നതാണ് ഇതിന്റെ ആദ്യപടി . ഗാര്‍ഡുകളോ കുഷനിങ്ങോ ഇതിനായി ഉപയോഗിക്കാം . കുട്ടികളുടെ തലയ്ക്കും കണ്ണുകള്‍ക്കും പരിക്ക് പറ്റുന്നത് ഇതുമൂലം ഒഴിവാക്കാവുന്നതാണ് . അടുക്കളയിലെ എല്ലാ ഇലക്ട്രിക്കല്‍ ഔട്ട്ലെറ്റുകളും സുരക്ഷാ പ്ലഗ്ഗുകള്‍ ഉപയോഗിച്ച് സീൽ ചെയ്ത് വെക്കണം . കുട്ടികൾ അടുക്കളയിൽ തെന്നിവീഴാതിരിക്കാൻ സ്‌കിഡ് ചെയ്യാത്ത 'കിച്ചന്‍ മാറ്റ്' അടുക്കളയിൽ ഇടുന്നത് നല്ലതാണ് . കുട്ടികളുടെ കൈ എത്തുന്ന സ്ഥലങ്ങളില്‍ ഒരിക്കലും ടോയ്ലറ്റ് ക്ളീനറുകളോ , ഫീനോലോ വെക്കരുത് .