ഇനി വരാൻ പോകുന്നത് ഓടിനടക്കുന്ന കെട്ടിടങ്ങളുടെ കാല൦

  • 2019-04-29 14:05:51

ഓടിനടക്കുന്ന കെട്ടിടങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നത് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല എന്നാണ് വാർത്തകൾ കാണിക്കുന്ന സൂചന . ഒരിടത്ത് പണിത വീട് പിന്നെ എന്നും അവിടെത്തന്നെയായിരിക്കുമെന്ന വിശ്വാസത്തിന് മാറ്റം വന്നിരിക്കുന്നു . ഇനി വീടുകൾ ഉയർത്തിമാറ്റി ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി സെറ്റ് ചെയ്യാം . കഴിഞ്ഞ ആറ് വർഷത്തിനിടെ നൂറിലധികം വീടുകളാണ് കേരളത്തിൽ ഇങ്ങനെ ഉയർത്തിമാറ്റപ്പെട്ടത് . വീട്ടിലേക്ക് വെള്ളം കയറുന്ന പ്രശ്നമുൾപ്പെടെയുള്ള തലവേദനകൾക്ക് ഒരു ശാശ്വത പരിഹാരമാണ് ഇത് . പുതിയ വീട് പണിത് സമയവും പണവും കളയുകയും വേണ്ട . താരതമ്യേനെ വളരെ ചെറിയ തുകയാണ് ഈ രീതിക്ക് ചിലവാകൂ . ചതുരശ്രയടിക്ക് 250 രൂപ നിരക്കിലാണ് ഇതിന്റെ പണിക്കൂലി. അതായത് അഞ്ചുലക്ഷം രൂപ നൽകിയാൽ രണ്ടായിരം ചതുരശ്ര അടിയുള്ള വീട് ഉയർത്തിമാറ്റാം .

ഈ രീതിയിൽ ആദ്യം ചെയുന്നത് നീക്കേണ്ട കെട്ടിടത്തെ അടിത്തറയിൽ നിന്നു മുറിച്ചെടുക്കുക എന്നതാണ് . ഇങ്ങനെ ചെയ്യുന്നതിനായി വീടിന്റെ തറയിലെ ടൈൽസുംമറ്റും ഇളക്കിയെടുത്ത് അടിത്തറയുടെ താഴ്ഭാഗം വരെ മണ്ണുനീക്കി കുഴിയെടുക്കുന്നു . അടിത്തറ മുറിക്കുന്നതിനോടൊപ്പം തന്നെ ആവശ്യത്തിനു ജാക്കികൾ ഘടിപ്പിച്ച് ഒന്നിച്ച് കെട്ടിടം ഉയർത്തും . കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് അപ്രതീക്ഷിത ചലനം ഉണ്ടാകാതിരിക്കാനായി കെട്ടിടത്തിന്റെ ഉള്ളിലും മുകൾ നിലകളിലും സൺഷേഡിലുമെല്ലാം ജാക്കി ഘടിപ്പിച്ച് തട്ടുറപ്പിച്ച് നിർത്തും . കെട്ടിടം നീക്കുന്നതിനായി അടിയിൽ ഇഷ്ടികകൊണ്ട് കെട്ടിയ റെയിൽ ഉണ്ടാക്കിയെടുക്കും. ചെറിയ ചക്രങ്ങളുണ്ടാക്കിയ ഫ്രയി൦ ഇതിലൂടെ ഘടിപ്പിച്ചാണ് ഈ കെട്ടിടം നീക്കുന്ന ജോലി ആരംഭിക്കുന്നത് . നെടുപുഴ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി ഇത്തരത്തിൽ ഈയിടെ ഏഴ് മീറ്റർ മാറ്റി സ്ഥാപിച്ചിരുന്നു .