വീട്ടിലെ നടുമുറ്റവും വാസ്തുവും

  • 2019-04-29 15:34:09

പഴമയേയും പൗരാണികതയെയും നെഞ്ചോട് ചേർക്കുന്നവരാണ് മലയാളികൾ . ആ ആശയങ്ങളെ ജീവിതത്തിൽ കൊണ്ടുവരാനും നമ്മൾ പരമാവധി ശ്രമിക്കാറുണ്ട് . ഗൃഹനിർമ്മാണ രീതിയിൽ അത് വലിയ രീതിയിൽ പ്രതിഫലിക്കുന്നത് ഏറെ കാലമായി തുടർന്നുവരുന്ന. കേരളീയ ഗൃഹനിർമ്മാണ ശൈലികളിലെ എടുത്ത് പറയാവുന്ന ഒന്നാണ് നടുമുറ്റം . നൊസ്റ്റാൾജിയയുടെ പ്രതീകമായാണ് പലരും വീട്ടിൽ നടുമുറ്റം വേണമെന്ന് നിർബന്ധം പിടിക്കുന്നത് . നാലുകെട്ട് മോഡലുള്ള വീടുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത് . എന്നാൽ ഇങ്ങനെ നിർമ്മിക്കുന്ന എല്ലാവീടുകളും നാലുകെട്ടുകൾ അല്ലെന്നതാണ് സത്യം . വസ്തുവിൽ ഈ നടുമുറ്റങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് . വീട്ടിൽ നടുമുറ്റം ഒരുക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം .

ഗൃഹത്തിന്റെ ദീര്‍ഘ വിസ്താരങ്ങള്‍ക്ക് ഉള്ളില്‍ ഒരു നടുമുറ്റം ക്രമീകരിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ സ്ഥാനമാണ് . എപ്പോഴും ഗൃഹത്തിന്റെ മധ്യത്തിലൊ അഥവാ ഗൃഹമധ്യത്തില്‍ നിന്നും വടക്കോട്ട് നീങ്ങിയോ ആണ് നടുമുറ്റത്തിന് സ്ഥാനം കല്പിക്കേണ്ടത് . ഗൃഹമധ്യത്തില്‍ നിന്നും നടുമുറ്റം കിഴക്കോട്ട് മാത്രമായി നീക്കിയും നടുമുറ്റം പണിയാവുന്നതാണ് . എന്നാൽ ഒരുകാരണവശാലും ഗൃഹമധ്യത്തില്‍ നിന്നും തെക്കോട്ടോ പടിഞ്ഞാറോട്ടൊ മാറി നടുമുറ്റം വരാൻ പാടുള്ളതല്ല . ഈ സ്ഥാനം നോക്കാതെ നടുമുറ്റം നിർമ്മിച്ചാൽ അത് വാസ്തു സംബന്ധമായ സൂത്രദോഷത്തിന് കാരണമാകും . ഇത് വീട്ടിലെ അംഗങ്ങൾക്ക് സ്വസ്ഥതക്കുറവിനും മനക്ലേശത്തിനും വഴിവെക്കുന്നു . വീട്ടിനകത്തെ ആകർഷണത്തിനു വേണ്ടി നടുമുറ്റം നിർമ്മിച്ച്‌ നടുമുറ്റങ്ങള്‍ക്ക് മുകളില്‍ വെളിച്ചം കയറുന്ന തരത്തില്‍ താല്‍ക്കാലിക മേല്‍ക്കൂര അഥവാ ലൈറ്റ് റൂഫ് നിർമ്മിക്കുന്നത് വാസ്തുവിന് എതിരല്ല .