പഴമയുടെ പ്രൗഢി വിളിച്ചോതി വെട്ടിക്കാട് ഡിപ്പോ

  • 2019-04-30 11:15:44

വെട്ടിക്കാട് മുക്ക് സർക്കാർ തടി ഡിപ്പോ ചരിത്രത്തിൽ ഇടം പിടിക്കേണ്ടതാണ്. കേരളത്തിലെ ഏറ്റവും പഴക്കം ഉള്ള തടി ഡിപ്പോകളിൽ ഒന്നാണ് ഇത്. നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ഈ തടി ഡിപ്പോ ബ്രിട്ടീഷ് ഭരണകാലത്താണ് നിർമ്മിച്ചത്. ഡിപ്പോയ്ക്കു ചുറ്റും പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന കാഴ്ചകൾ ആണ് കാണാൻ സാധിക്കുന്നത്. ഓഫീസിനു ചുറ്റുമായി വലിയ മരങ്ങളും മറ്റും നട്ടിട്ടുള്ളതിനാൽ കാണാനും ഭംഗിയാണ്.

പഴമയുടെ പ്രൗഢിയാണ് ഇവിടെ വിളിച്ചോതുന്നത്. ഓട് പാകിയ കെട്ടിടമാണ് ഡിപ്പോയുടേത്. സർക്കാരിന് ഏഴ് കോടിയോളം രൂപ വാർഷിക വരുമാനമായി നൽകുന്ന ഡിപ്പോയാണ് ഇത്. ഏകദേശം 1500 ക്യുബിക് മീറ്റര്‍ വരെയുള്ള തടികളാണ് വെട്ടിക്കാട്ട് മുക്ക് ഡിപ്പോയിലെത്തുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പാന്റേഷനുകളില്‍ നിന്നുളള തേക്ക്, ആഞ്ഞിലി, മരുത്, ഇരുള്‍, വെന്തേക്ക് തുടങ്ങിയ തടികളാണ് ഇവിടെ എത്തുന്നത്. റോഡ് വഴിയും ജലമാർഗവുമായി ആണ് തടികൾ ഡിപ്പോയിൽ എത്തിച്ചിരുന്നത്.

തടിയുടെ ലേലം ആകട്ടെ ലോകത്തിന്റെ ഏതു മൂലയിൽ നിന്നും പങ്കെടുക്കാൻ സാധിക്കും. രണ്ടു ലേലം ആണ് ഒരു മാസം നടക്കുന്നത്. വീടുപണിക്ക് തടി ആവശ്യം ഉണ്ടെങ്കിൽ റീറ്റെയ്ൽ കച്ചവടവും ഇവിടെ നടക്കാറുണ്ട്. അതിനു വേണ്ടി ബില്‍ഡിംഗ് പ്ലാന്‍, പെര്‍മിറ്റ് പ്ലാന്‍ എന്നിവ കൊണ്ട് വരേണ്ടതാണ്. തേക്കാണ് ഇവിടെയുള്ള പ്ലാന്റേഷനുകളിൽ പ്രധാനമായും ഉള്ളത്.