വീടിനകത്തെ ചൂട് കുറക്കാൻ കുമ്മായവും ഫെവിക്കോളും കൊണ്ടൊരു വിദ്യ

  • 2019-05-04 11:17:29

വേനല്മഴയൊക്കെ കേരളത്തെ തേടി വന്നിട്ടും ചൂടിന് ഒരു കുറവും ഇല്ല എന്നതാണ് മലയാളികളുടെ പരാതി . പൊള്ളുന്ന ചൂടിൽ എസിയും ഫാനും ഉള്ളവർ പോലും വലയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . എങ്ങനെയെങ്കിലും ചൂട് കുറക്കാനുള്ള വഴികൾ തേടുന്ന തിരക്കിലാണ് എല്ലാവരും . അതിനായി പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഒരു പുതിയ ആശയം പരിചയപ്പെടാം . ലളിതമായ ഒരു വഴിയിലൂടെ വീടിനുള്ളിലെ ചൂട് ഒരു പരിധിവരെ കുറക്കാവുന്നതാണ്. ഇത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആകെവേണ്ടത് നിസാരമായ രണ്ട് വസ്തുക്കൾ മാത്രം. കുമ്മായവും ഫെവിക്കോളും.

ആദ്യം തന്നെ അഞ്ചുകിലോ കുമ്മായത്തിലേക്ക് എട്ടു ലിറ്റര്‍ വെള്ളവും അഞ്ഞൂറ് മില്ലി ഫെവിക്കോളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക . ഇത് സെറ്റ് ആവാൻ ഒരു പത്തുമിനുട് കാത്തിരിക്കാം . ഇതിന് ശേഷം വീടിന്റെ ടെറസ്സ് നന്നായി കഴുകുക . ആ ടെറസിലേക്ക് ഈ മിശ്രിതം പൂശി കൊടുക്കാം . ഈ പ്രവർത്തി കഴിഞ്ഞാൽ നന്നായി ഉണങ്ങാൻ അനുവദിക്കുക . ഉണങ്ങിയ ശേഷം കുറച്ച് വെള്ളം തളിച്ചുനല്കാവുന്നതാണ് . ഇത് ഉണങ്ങി 24 മണിക്കൂർ കഴിഞ്ഞാൽ അടുത്ത കോട്ട് അടിച്ചുനൽകാം . ഇതും നന്നായി ഉണങ്ങികിട്ടിയാൽ രണ്ടുദിവസം മൂന്നോ നാലോ തവണ വെള്ളം തളിച്ച് നൽകണം . ഇതിലൂടെ നിങ്ങളുടെ മേൽക്കൂര ചൂടിനെ തടയുന്ന ഒരു പ്രതലമായി മാറും . കുറഞ്ഞത് അഞ്ചു ഡിഗ്രിയുടെ വ്യത്യാസമെങ്കിലും റൂമിനുള്ളിൽ നിങ്ങൾക്ക് അനുഭവപ്പെടും . ഒന്ന് പരീക്ഷിച്ചുനോക്കൂ.